അരിക്കൊമ്പനെ കേരളത്തിന് കെമാറണമെന്ന റെബേക്കയുടെ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റെബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവില്‍ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്ന് മാറ്റേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹര്‍ജി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഇതിന് ശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹര്‍ജി കൈമാറിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക്, അഞ്ചാം നമ്പര്‍ കോടതിയിലാണ് ഹര്‍ജി പരിഗണിച്ചത്. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടന്‍തുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ട തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ 5ന് പുലര്‍ച്ചെയാണ് മയക്കുവെടിവെച്ച് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകള്‍ എന്നിവിടങ്ങളിലെ മുറിവിന് പ്രത്യേക ചികിത്സ നല്‍കിയാണ് തിരുനെല്‍വേലിയിലെത്തിച്ചത്. നിലവില്‍ അരിക്കൊമ്പന്‍ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല. റേഡിയോ കോളര്‍ സിഗ്‌നല്‍ ഇടയ്ക്ക് മുറിയുന്നതിനാല്‍ അരിക്കൊമ്പന്‍ എവിടെ എന്നതിന്റെ പേരില്‍ അഭ്യൂഹങ്ങള്‍ ശക്തമാണ്. കാട്ടാന കോതയാര്‍ ഡാമിനു 200-300 മീറ്റര്‍ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒന്‍പതിനു സിഗ്‌നല്‍ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്‌നല്‍ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പന്‍ ഉള്‍ക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.

കോതയാര്‍ ഡാം പരിസരത്തുനിന്ന് അഗസ്ത്യവനത്തിലേക്കോ നെയ്യാര്‍ വനമേഖലയിലേക്കോ അരിക്കൊമ്പന്‍ നീങ്ങുന്നുണ്ടോ എന്നതിന്റെ പേരിലും സംശയങ്ങള്‍ ഉയര്‍ന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ പുതിയ തര്‍ക്കവിഷയമാകാതിരിക്കാന്‍ ഇരു സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

Top