മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി

മുംബൈ: മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്ത സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്.

മറാത്ത വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറാത്ത വിഭാഗത്തിന് സംവരണം നല്‍കണമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.21.22 ശതമാനം മറാത്ത കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്നും ഇത് സംസ്ഥാനത്തിന്റെ ശരാശരിയായ 17.4 ശതമാനത്തേക്കാള്‍ കൂടുതലാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകളില്‍ 94 ശതമാനവും മറാത്ത കുടുംബങ്ങളുടേതാണെന്നും സര്‍വേ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ്. മറാത്ത സമൂഹം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക എന്നതാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ‘ഏകദേശം 2-2.5 കോടി ആളുകളിലാണ് സര്‍വേ നടത്തിയത്. ഫെബ്രുവരി 20 ന് ഞങ്ങള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്, അതിനുശേഷം നിയമപ്രകാരം മറാത്ത സംവരണം നല്‍കും,’ ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

Top