കോട്ടയം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് 18 മുതല്‍ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം മേയ് 18, 19 തീയതികളില്‍ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മേയ് 25 മുതല്‍ നടക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മേയ് 25, 28 മുതല്‍ അതത് കോളേജുകളില്‍ നടക്കും. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ജൂണ്‍ രണ്ടാംവാരം മുതല്‍ നടക്കും. രണ്ടാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ജൂണില്‍ പൂര്‍ത്തീകരിക്കും.
അതേസമയം,നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് 25ന് ആരംഭിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ എട്ടിന് തുടങ്ങും. പരീക്ഷകളുടെ വിശദ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മേയ് മാസത്തോടെ ഇളവുകള്‍ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകള്‍ പുനരാരംഭിക്കുക.
ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് കേന്ദ്രങ്ങളിലായി ഹോംവാല്യൂവേഷന്‍ രീതിയില്‍ ഒരാഴ്ചകൊണ്ട് മൂല്യനിര്‍ണയ നടപടി പൂര്‍ത്തീകരിക്കാനും ശ്രമിക്കുന്നണ്ട്.