അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യപ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈ ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്നു വെട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി ആലുവ ചൂര്‍ണിക്കര മന്‍സൂര്‍ (47) ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ പിടിയിലായി.2010 ജൂലൈയില്‍ സംഭവത്തിനുശേഷം 13വര്‍ഷമായി സവാദ് ഒളിവിലായിരുന്നു. പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കണ്ണൂരില്‍നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേരള മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ പ്രതികളായ സജില്‍, എം കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീന്‍ കുഞ്ഞിനും അയൂബിനും 3 വര്‍ഷം വീതം തടവും ശിക്ഷിച്ചിരുന്നു.

മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2 ലക്ഷത്തി 85,000 പിഴ നല്‍കണമെന്നും അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണമെന്നും വിധിച്ചിരുന്നു. പ്രതികളുടെ പിഴ സംഖ്യയില്‍ നിന്ന് പ്രൊഫസര്‍ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പറഞ്ഞത്.

Top