ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

dead

കാന്‍പൂര്‍ : വിവാദമായ ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രതിയായ കേസിലാണ് പുതിയ ആരോപണങ്ങള്‍ വന്നിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ യൂനൂസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച ബോധരഹിതനായ യൂനൂസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതായി നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പ്രാദേശിക പൊലീസിനെയും വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്‌തെന്നും ഇവര്‍ കുറ്റപ്പെടുത്തി.

കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗര്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനൂസ്.

പെണ്‍കുട്ടിയുടെ അച്ഛന്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുകയും ചെയ്തു. കാന്‍പൂരിലെ ഒരു പലചരക്ക് വ്യാപരിയാണ് യൂനൂസ്. അതേസമയം യൂനുസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന വാദമാണ് പൊലീസിനുള്ളത്.

മുഖ്യ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെ സംഭവം വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗാര്‍ അറസ്റ്റിലായത്.

Top