The Maoists in India to repair the red corridor ; Nepal ‘ weapon ‘

ന്യൂഡല്‍ഹി: മാവോവാദി പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ചുവപ്പ് ഇടനാഴി നിര്‍മ്മിക്കാനുള്ള നീക്കവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്.

ചൈനവഴി, നേപ്പാളിലൂടെ ഇന്ത്യയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആയുധവും പണവുമെത്തിക്കാനുള്ള നീക്കത്തിനെതിരെ കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര സേനയോടും സംസ്ഥാന പോലീസ് വിഭാഗങ്ങളോടും റോയും ഐ.ബിയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും സാഹചര്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

നേപ്പാള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന ദിനമായ ചൊവ്വാഴ്ച വരെ മറ്റൊരു നാമനിര്‍ദേശവുമില്ലാത്തതിനെ തുടര്‍ന്നാണ് പ്രചണ്ഡ തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് പ്രചണ്ഡയുടെ സ്ഥാനാരോഹണം.

കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ ഓലി വിശ്വാസവോട്ടെടുപ്പ് പ്രമേയം മുന്നില്‍ക്കണ്ട് രാജിവെച്ചത്.

2009ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായ പ്രചണ്ഡ ഒമ്പതു മാസത്തിനുശേഷം രാജിവെക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്ന 2013ല്‍ പരാജയം നേരിട്ട മാവോവാദി പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനമേയുള്ളൂ.

എന്നാല്‍, ജയിച്ച പാര്‍ട്ടികള്‍ക്കൊന്നും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒറ്റക്ക് ഭരിക്കാനാവാത്ത സാഹചര്യമാണുള്ളത്.

കഴിഞ്ഞവര്‍ഷം ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന രാജ്യത്തെ പുനര്‍നിര്‍മ്മിക്കുക, പുതിയ ഭരണഘടന തയാറാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍.

ഭരണഘടനാ രൂപവത്കരണത്തെച്ചൊല്ലി സമരമുഖത്തുള്ള മാദേശികളുമായി പ്രചണ്ഡയുടെ പാര്‍ട്ടിയും നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും മൂന്നിന ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യയുമായി നിലവില്‍ നല്ല ബന്ധമാണ് നേപ്പാളിനുള്ളതെങ്കിലും ഇപ്പോഴത്തെ അധികാരമാറ്റം മവോയിസ്റ്റുകള്‍ ഉപയോഗപെടുത്തിയാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെയാകും.

Top