നിലമ്പൂര്‍: നിലമ്പൂര്‍ കാട്ടില്‍ പൊലീസിന്റെ വെടിയേറ്റു കൊല്ലപ്പെട്ട സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ പൊലീസിനെതിരെ ഏറ്റുമുട്ടലിന് ഒരുങ്ങി മാവോയിസ്റ്റുകള്‍.
കുപ്പുവിന്റെ പകരക്കാരനായി മണിവാസകം കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.
(കുപ്പു ദേവരാജിന്റെ പിൻഗാമി മണിവാസകം )
ദണ്ഡ്യകാരണ്യ മേഖലയില്‍ നിന്നും അര്‍ബന്‍ ദളത്തില്‍ നിന്നും ആയുധങ്ങള്‍ എത്തിച്ചതായും സൂചനയുണ്ട്. നവംബര്‍ 24ന് കുപ്പു ദേവരാജും അജിതയും വെടിയേറ്റു കൊല്ലപ്പെട്ട കരുളായി ഉള്‍വനത്തിലെ വരയന്‍മലയിലെ താഴ്‌വാരത്തു തന്നെ പുതിയ ബേസ് ക്യാമ്പും മാവോയിസ്റ്റുകള്‍ തുറന്നിട്ടുണ്ട്. ലാന്റ് മൈനുകളും ബോംബുകളുമടക്കം സജ്ജമാക്കി കൂടുതല്‍ സുരക്ഷയോടെയാണ് പ്രവര്‍ത്തനം.
പൊലീസുമായി ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ 20 മാവോയിസ്റ്റുകളായിരുന്നു കബനിഷ ശിരുവാണി, ഭവാനി ദളങ്ങളില്‍ നിന്നായി നിലമ്പൂര്‍ വനമേഖലയിലുണ്ടായിരുന്നത്. ഇപ്പോള്‍ അവരുടെ എണ്ണം 30തില്‍ കൂടുതലായിട്ടുണ്ടെന്നാണ് വിവരം. ഇതിനു പുറമെ തമിഴ്‌നാട്ടിലെ നീലഗിരി വനമേഖലയില്‍ 32 മാവോയിസ്റ്റുകളടങ്ങിയ സംഘം എത്തിയതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഊട്ടി, പൈകര മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു.
എന്നാല്‍ നിലമ്പൂരിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം കേരളത്തിലെ വയനാാട്, നിലമ്പൂര്‍, അട്ടപ്പാടി വനമേഖലയിലൊന്നും പൊലീസോ തണ്ടര്‍ബോള്‍ട്ടോ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയിട്ടില്ല. കാട്ടില്‍ നിന്നും പൊലീസും തണ്ടര്‍ബോള്‍ച്ചും വനംവകുപ്പും പൂര്‍ണ്ണമായും പിന്‍വാങ്ങിയ അവസ്ഥയിലാണ്.
കഴിഞ്ഞ ഏപ്രില്‍ 14ന് രാത്രിയില്‍ മൂത്തേടം കുറ്റിക്കാട്ടുവെച്ച് കാടിറങ്ങിയെത്തിയ മാവോയിസ്റ്റ് അയ്യപ്പന്‍ എന്ന ഹരിയെ നാട്ടുകാര്‍ പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. അയ്യപ്പനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രത്യാക്രമണത്തിനു മാവോയിസ്റ്റ് പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന വിവരം പൊലീസിനു ലഭിച്ചത്.
ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ കുപ്പുദേവരാജിനൊപ്പമുണ്ടായിരുന്ന 11 മാവോയിസ്റ്റുകളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിനും അജിതക്കുമൊപ്പം പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡ, ചന്തു, ഷര്‍മിള, കണ്ണന്‍, ആസാദ്, മഹേഷ് എന്ന ജയണ്ണ, കുമാര്‍, മണിവാസഗം, വയനാട് സോമന്‍ എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. അയ്യപ്പന്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ ഒന്നര കിലോ മീറ്റര്‍ അകലെ പുഞ്ചക്കൊല്ലി കോളനിയിലായിരുന്നു.