ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്.തെലുങ്ക് ചലച്ചിത്ര താരങ്ങളിൽ കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് പ്രഭാസ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് അദ്ദേഹം. കരിയറിൽ സജീവമായിത്തുടങ്ങിയ സമയംമുതലേ തന്നെ അദ്ദേഹത്തിന്റെ വിവാഹത്തേക്കുറിച്ച് ആരാധകർ ചോദിച്ച് തുടങ്ങിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാത്തിനുമുള്ള ഉത്തരം നൽകിയിരിക്കുകയാണ് പ്രഭാസ്.
രണ്ട് ദിവസം മുമ്പ് തിരുപ്പതിയിൽ ആദിപുരുഷ് സിനിമയുടെ പ്രീ റിലീസ് ലോഞ്ച് നടന്നിരുന്നു. ഈ ചടങ്ങിനിടെ സദസിൽ നിന്നും വിവാഹത്തേക്കുറിച്ചുള്ള ചോദ്യമുയർന്നു. ഇതിനുള്ള മറുപടി ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. തിരുപ്പതിയിൽവെച്ചായിരിക്കും തന്റെ വിവാഹമെന്നാണ് 43-കാരനായ താരം പറഞ്ഞത്. ഈ ഉത്തരം ആർപ്പുവിളികളോടെയാണ് സദസ് സ്വീകരിച്ചത്.
നേരത്തേ ആദിപുരുഷിലെ നായിക കൃതി സനോണുമായി പ്രഭാസ് പ്രണയത്തിലാണെന്ന് അഭ്യൂഹം പരന്നിരുന്നു. കൃതിയെ സാക്ഷിയാക്കിയാണ് തിരുപ്പതിയിൽ വെച്ച് തന്റെ വിവാഹത്തേക്കുറിച്ചുള്ള നിർണായകവിവരം പ്രഭാസ് പുറത്തുവിട്ടത്. വിവാഹവേദി പറഞ്ഞെങ്കിലും വധുവാരാണെന്ന് അറിയാൻ ആരാധകർ ഇനിയും കാത്തിരിക്കണം.