കോട്ടയം: സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വ്യാപകമായ കുറവ്. ആറു വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണത്തിലാണ് ഞെട്ടിക്കുന്ന കുറവുണ്ടായിരിക്കുന്നത്. എല്ലാ ജില്ലകളിലും പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായാണ് 2011ലെ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നത്.
പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചു പഠിക്കാന്‍ യുണിസെഫ് നിര്‍ദേശം നല്‍കിയെങ്കിലും അധികൃതര്‍ക്ക് ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല. ഭ്രൂണഹത്യ അടക്കമുള്ള കാര്യങ്ങളിലേക്കാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിരല്‍ചൂണ്ടുന്നത്.
2011ലെ കണക്കനുസരിച്ച് 33,387,677 ജനങ്ങളാണ് കേരളത്തിലുള്ളത്. 16,021,290 പുരുഷന്‍മാരും,17,366,387 സ്ത്രീകളും. 1,000 പുരുഷന്‍മാര്‍ക്ക് 1,084 സ്ത്രീകള്‍ കേരളത്തിലുണ്ടെന്നാണു കണക്ക്. എന്നാല്‍, ആറു വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്തു കുറയുന്നതായാണു ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. 1,000 ആണ്‍കുട്ടികള്‍ക്ക് 959 പെണ്‍കുട്ടികളേയുള്ളൂ. 19 വയസിനുതാഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണവും കുറവാണ്. 1,000 ആണ്‍കുട്ടികള്‍ക്ക് 964 പെണ്‍കുട്ടികള്‍.
ആറു വയസിനുതാഴെയുള്ള 33,22,247 കുട്ടികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ആണ്‍കുട്ടികളുടെ എണ്ണം 16.95 ലക്ഷമാണ്. പെണ്‍കുട്ടികളുടെ എണ്ണമാകട്ടെ 16.26 ലക്ഷവും. തൃശൂര്‍ (ആയിരം ആണ്‍കുട്ടികള്‍ക്ക് 948 പെണ്‍കുട്ടികള്‍), എറണാകുളം (954), ഇടുക്കി (958), കോട്ടയം (957), ആലപ്പുഴ (947) എന്നിവിടങ്ങളില്‍ സംസ്ഥാന ശരാശരിയേക്കാള്‍ (959) കുറവാണ് പെണ്‍കുട്ടികളുടെ ജനന നിരക്ക്.
പെണ്‍കുട്ടികള്‍ കുറയാനുള്ള കാരണത്തെക്കുറിച്ച് ആരോഗ്യവകുപ്പിനു കൃത്യമായ ഉത്തരമില്ല. ‘സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. എന്നാല്‍, 19 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ എണ്ണം കുറയാനിടയായ സാഹചര്യത്തെക്കുറിച്ചു പഠിച്ചിട്ടില്ല.
പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു വീണ്ടും കണക്കു ശേഖരിക്കാന്‍ 2012ല്‍ യുണിസെഫ് നിര്‍ദേശിച്ചിരുന്നു. ഇതിനായി ആരോഗ്യ, വിദ്യാഭ്യാസ, കുടുംബക്ഷേമ വകുപ്പുകളിലെ 30 ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ടമായി പരിശീലനവും നല്‍കി. കണക്കുകളില്‍ പിഴവുവരാതിരിക്കാനായിരുന്നു നടപടി. എന്നാല്‍, പുതുക്കിയ റിപ്പോര്‍ട്ട് പുറത്തിറങ്ങിയില്ല.
പെണ്‍കുട്ടികള്‍ കുറയാനുള്ള കൃത്യമായ കാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള പോപ്പുലേഷന്‍ റിസര്‍ച്ച് സെന്റര്‍ വ്യക്തമാക്കുന്നു. ‘വര്‍ഷങ്ങളായി ഈ ഗ്രൂപ്പിലുള്ള പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായാണു കാണുന്നത്. വൈദ്യശാസ്ത്രപരമായ കാരണങ്ങളോ, ആശുപത്രികള്‍ നല്‍കുന്ന കണക്കുകളിലെ പിശകോ ആകാം കാരണം. കൃത്യമായ മറുപടി വൈദ്യ ശാസ്ത്രമേഖലയിലുള്ളവര്‍ക്കേ നല്‍കാനാകൂ റിസര്‍ച്ച് സെന്ററിലെ സജിനി പി.നായര്‍ വ്യക്തമാക്കി.
‘ഭ്രൂണഹത്യയ്‌ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍പോലും കാര്യങ്ങള്‍ പൂര്‍ണമായി നിയന്ത്രണവിധേയമാണെന്നു കരുതാനാകില്ല’എസ്.എ.ടി (തിരുവനന്തപുരം മെഡിക്കല്‍ കോളജ്) ആശുപത്രി അധികൃതര്‍ പറയുന്നു.
(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)