കേരളത്തോടുള്ള കേന്ദ്രാവഗണന ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള യോഗം വൈകിട്ട്

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്രാവഗണന ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുള്ള യോഗം വൈകിട്ട് 3.30 ന് നടക്കും. ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് മടങ്ങിവരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമാനം വൈകുന്നത് മൂലമാണ് ചര്‍ച്ചയുടെ സമയം മാറ്റിയത്. പ്രതിപക്ഷ നേതാവിനെ കൂടാതെ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഓണ്‍ലൈനായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 10 നായിരുന്നു ചര്‍ച്ച നടക്കേണ്ടിയിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രാവഗണന മാത്രമല്ലെന്ന പ്രഖ്യാപിത നിലപാട് ചര്‍ച്ചയിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇതിനൊപ്പം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര വിരുദ്ധ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിലേക്ക് പ്രതിപക്ഷത്തെയും സിപിഐഎം ക്ഷണിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമരത്തിലേക്ക് ആത്മാര്‍ത്ഥമായി ക്ഷണിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ റിപ്പോര്‍ട്ടര്‍ ടി വി പ്രസ്‌കോണ്‍ഫറന്‍സിലൂടെ അറിയിച്ചു. സംസ്ഥാനം നേരിടുന്ന പൊതുപ്രശ്നത്തില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന സമീപനത്തിലാണ് പ്രതിപക്ഷത്തിന്റെ സഹകരണം കൂടി തേടിയത്.

Top