കൊട്ടാരക്കര: അംഗപരിമിതരായ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കുളക്കട ലക്ഷംവീടു കോളനിക്കു സമീപം എബി സദനത്തില്‍ സജി എബ്രഹാം (55) പൊന്നമ്മ (48) എന്നിവരാണ് ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചത്. സജി കാഴ്ചവൈകല്യമുള്ളയാളും പൊന്നമ്മ കാലിനു സ്വാധീനക്കുറവുള്ളയാളുമാണ്.
ചൊവ്വാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി കലഹിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സജി പുറത്തുപോയ സമയത്ത് പൊന്നമ്മ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെത്തിയ സജി വീടിനുള്ളില്‍ കയറി കതകടച്ച് തൂങ്ങി മരിക്കുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.