ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന്റെ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഡോ. ഷഹനയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവില്‍ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷഹനയുമായി അടുപ്പത്തിലായിരുന്ന ഡോക്ടര്‍ വന്‍തുക സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷഹനയുടെ മുറിയില്‍നിന്നു കണ്ടെടുത്ത കുറിപ്പില്‍ സ്ത്രീധന പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശമോ ആര്‍ക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാല്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’- ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.

വെഞ്ഞാറമൂട് മൈത്രി നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ അസീസിന്റെയും ജലീല ബീവിയുടെയും മകള്‍ ഡോ.എ.ജെ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനു സമീപത്തെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top