ന്യൂഡല്‍ഹി: 2019 മാര്‍ച്ചിനകം രാജ്യത്തെ ഒന്‍പത് നഗരങ്ങളിലെ മെട്രോ റെയില്‍ കണക്റ്റിവിറ്റിയില്‍ അധികമായി 313 കിലോമീറ്റര്‍ കൂട്ടിച്ചേര്‍ക്കാന്‍ തീരുമാനം.
ഡല്‍ഹി, നോയ്ഡ, ലക്‌നൗ, ഹൈദരാബാദ്, നാഗ്പൂര്‍, കൊച്ചി, ബെംഗളുരു, ചെന്നൈ എന്നിവയുള്‍പ്പെടെ ഒന്‍പത് നഗരങ്ങളുടെ മെട്രോ റെയില്‍ കണക്റ്റിവിറ്റിയാണ് വ്യാപിപ്പിക്കുക.
രാജ്യത്ത് ആദ്യമായി 1984-ല്‍ മെട്രോ സേവനം ആരംഭിക്കുന്നത് മുതല്‍ ഇന്നുവരെ 8 നഗരങ്ങളിലായി വെറും 370 കിലോമീറ്റര്‍ മാത്രം മെട്രോ ലൈനാണ് രാജ്യത്തുള്ളത്.
റോഡുകളിലെ ഗതാഗതക്കുരുക്കും വര്‍ധിച്ച് വരുന്ന മലിനീകരണവും കണക്കിലെടുത്താണ് മെട്രോകള്‍ വേഗത്തില്‍ വ്യാപിപ്പിക്കുന്നതെന്ന് നഗര വികസന മന്ത്രാലയ വക്താവ് പറഞ്ഞു. 2015-18 കാലഘട്ടത്തില്‍ മെട്രോ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത് 42,696 കോടി രൂപയാണ്.
പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട സ്ഥാനങ്ങളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചും നിരീക്ഷണം ശക്തമാക്കിയുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുക.
ലക്‌നൗ, അഹമ്മദാബാദ്, ഹൈദരാഹാദ്, നാഗ്പൂര്‍ എന്നീ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ രാജ്യത്ത് മെട്രോ സംവിധാനമുള്ള നഗരങ്ങളുടെ എണ്ണം 12 ആയി ഉയരും. ഇതില്‍ ആദ്യം പൂര്‍ത്തിയാവുക ലക്‌നൗവിലെ 8.5 കിലോ മീറ്ററാണ്.