The minister position; Four LDF MLA’s planned for new party ?

കോഴിക്കോട്: മന്ത്രി സ്ഥാനം ലഭിക്കാന്‍ ഇടതുപക്ഷ സ്വതന്ത്രരായി നിയമസഭയിലെത്തിയ മുസ്ലിം എം.എല്‍.എമാര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നു.

കുന്ദമംഗലത്തുനിന്നും വിജയിച്ച പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിലാണ് മുസ്ലിംലീഗിനേയും കോണ്‍ഗ്രസിനേയും തോല്‍പ്പിച്ച് അട്ടിമറിജയം നേടിയ പുതിയ എം.എല്‍.എമാര്‍ ചേര്‍ന്ന് രാഷ്ട്രീയപാര്‍ട്ടിക്കായി നീക്കം തുടങ്ങിയത്.

നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹിമാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച കാരാട്ട് അബ്ദുറസാഖ് എന്നിവര്‍ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തി നടത്തിക്കഴിഞ്ഞതായാണ് വിവരം.

മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി.ജലീല്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തോട് താല്‍പര്യമില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായിയോട് ഏറെ അടുപ്പമുള്ള കെ.ടി.ജലീല്‍ സ്വതന്ത്രനായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.വഖ്ഫ്, ഹജ്ജ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലവിലെ അവസരം പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ ലഭിക്കില്ലെന്നാണു ജലീലിന്റെ വിലയിരുത്തല്‍.

തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ.റഹിമിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം പാര്‍ട്ടികള്‍ക്കു മാത്രമായി നല്‍കാന്‍ സി.പി.എം തീരുമാനിച്ചതോടെ ഈ അവസരം നഷ്ടപ്പെടുകയായിരുന്നു.

സ്വതന്ത്രരായി ജയിച്ചവരില്‍ കെ.ടി.ജലീലിനല്ലാതെ മറ്റാര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയിട്ടില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.ടി.എ റഹീമിനു മന്ത്രി സ്ഥാനം നേടാനാവുമെന്നാണ് പ്രതീക്ഷ. കൊടുവള്ളി മണ്ഡലവും കുന്ദമംഗലം മണ്ഡലവും നേടാനായത് തന്റെകൂടി മികവായിട്ടാണ് റഹീം അവകാശപ്പെടുന്നത്. ഇതോടൊപ്പം ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും നേടിയെടുക്കാം.

എന്നാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വിഷയത്തില്‍ സി.പി.എമ്മിന് അനുകൂലമായ നിലപാടില്ല. ലീഗിനെതിരേ ഒരു പാര്‍ട്ടിയുണ്ടാക്കിയതു കൊണ്ടു കാര്യമായ രാഷ്ട്രീയനേട്ടമുണ്ടാവില്ലെന്നും പകരം മുസ്ലിംലീഗിലുള്ള ഭിന്നത മുതലെടുത്തു സ്വതന്ത്രരെ നിയോഗിക്കുന്നതാണു ഗുണകരമാവുകയെന്നുമാണു സി.പി.എം വിലയിരുത്തല്‍.

പുതിയ പാര്‍ട്ടിക്കു പച്ചക്കൊടി കാട്ടിയാല്‍ അടുത്ത ആവശ്യം മുന്നണി പ്രവേശനമായിരിക്കുമെന്നും നിലവില്‍ ഐ.എന്‍.എല്ലിനു പോലും നല്‍കാത്ത മുന്നണിപ്രവേശം പുതിയ രാഷ്ടീയ പാര്‍ട്ടിക്കു നല്‍കുന്നതു തിരിച്ചടിയാവുമെന്നമാണ് സി.പി.എം കണക്കുകൂട്ടല്‍.

നേരത്തെ പി.ടി.എ റഹീം സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുണ്ടാക്കിയിരുന്നെങ്കിലും സി.പി.എം ഈ തീരുമാനത്തിനെതിരായിരുന്നു. കെ.ടി ജലീലുമായി ചേര്‍ന്ന് പാര്‍ട്ടി ശക്തമാക്കാനുള്ള നീക്കവും സി.പി.എമ്മിന്റെ ഇടപെടലോടെ പൊളിഞ്ഞു. ഭരണത്തില്‍ കാര്യമായ റോളും പരിഗണനയുമില്ലെന്ന പരാതിയാണ് ഇടതു സ്വതന്ത്ര മുസ്‌ലിം എം.എല്‍.എമാര്‍ക്കുള്ളത്.

സ്വന്തം പാര്‍ട്ടിയായാല്‍ കൂടുതല്‍ പരിഗണനയും സ്ഥാനമാനങ്ങളും സമ്മര്‍ദ്ദശക്തിയും ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. നിലവില്‍ ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രനും രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിക്കും മന്ത്രിസ്ഥാനമുണ്ട്. അതിനാല്‍ നാല് എം.എല്‍.എമാരുള്ളതിനാല്‍ മന്ത്രിസ്ഥാനം എന്ന ആവശ്യം നേടിയെടുക്കാനാവുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

ഭാവിയില്‍ സിപിഐയുടെ’ സമ്മര്‍ദ്ദം’ അതിജീവിക്കാന്‍ ഓരോ എംഎല്‍എമാരും സിപിഎമ്മിന് നിര്‍ണ്ണായകമായതിനാല്‍ തങ്ങളുടെ ആവശ്യം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് എംഎല്‍എമാരുടെ ‘കൂറുമുന്നണി’.

എന്നാല്‍ യാതൊരു കാരണവശാലും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം നേതൃത്വം. മന്ത്രി കെ ടി ജലീലിനെ മുന്‍നിര്‍ത്തി മുസ്ലീംലീഗിനൊപ്പമുള്ള ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

Top