‘നുഴഞ്ഞു കയറിയവരാണ് പ്രശ്‌നമുണ്ടാക്കിയത്, സംഘാടകരല്ല’; മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഷാജിയുടെ ആത്മഹത്യ വളരെ നിര്‍ഭാഗ്യകരമായിപ്പോയെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കലോത്സവത്തിനിടെ നുഴഞ്ഞു കയറിയവരാണ് പ്രശ്‌നം ഉണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ ചിത്രം പൊലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അറിയാനാവൂ എന്നും മന്ത്രി പറഞ്ഞു.

ബോധപൂര്‍വ്വം കാംപസുകളില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വളരെ പോസിറ്റീവായ മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. അതിനെയെല്ലാം തമസ്‌കരിച്ച് കളയാനുള്ള ബോധപൂര്‍വ്വം നടത്തുന്ന ചില ശ്രമങ്ങള്‍ ഉണ്ടെന്നാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.

സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയന്‍ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയന്‍ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയന്‍ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളുകയും സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്റെ ചുമതലയും കൈമാറും.

Top