കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടികളെ തിരികെയെത്തിച്ചു. മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു പെൺകുട്ടിയുടെ അമ്മ ജില്ലാ കലക്ടർക്ക് പരാതി നൽകി.
അതേസമയം, ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതി ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയിലിരിക്കെ ചാടിപ്പോയതിനും കേസെടുത്തു. സംഭവത്തില്‍ പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബംഗുളുരുവില നിന്ന് പിടികൂടിയ ഫെബിന് റാഫിക്കും ടോം തോമസിനുമെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു.
കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന് ശേഷം പിടികൂടിയ ഫെബിന്‍ റാഫിയെയും സ്റ്റേഷനിലുണ്ടായിരുന്ന ടോം തോമസിനെയും വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പത്തോടെ പോക്സോ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്.