ന്യൂജിന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മലേഷ്യന്‍ എയര്‍ലെന്‍സ് വിമാനം കാണാതായതല്ല, റഷ്യ തകര്‍ത്ത് കളഞ്ഞതാണെന്ന് റിപ്പോര്‍ട്ട്.യുക്രെയ്‌നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17ന് ആണ് റഷ്യന്‍ മിസൈല്‍ 298 യാത്രക്കാരുമായി പറന്ന വിമാനത്തെ തകര്‍ത്തു കളഞ്ഞതെന്ന് രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് കണ്ടെത്തിയത്.
റഷ്യയുടെ ബക് മിസൈല്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് നേരത്തെ അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതെവിടെ നിന്നാണ് വിക്ഷേപിച്ചത് എന്നതുള്‍പ്പെടെയുള്ള ആധികാരിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്‌സ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത സംഘമാണ് ലോകത്തിന് മുമ്പില്‍ പുറത്ത് വിട്ടത്.
വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രക്കാരായിരുന്നു. ഡച്ച് യാത്രക്കാരായതിനാല്‍ പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റിഎയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം ലഭിച്ചിരിക്കുന്നത്.
BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളതാണ്. മിസൈല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ നല്‍കണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യര്‍ഥിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നൂറ് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇതില്‍ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം.
അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാന്‍ രാജ്യാന്തര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രോസിക്യൂഷന്‍ സംഘത്തിന്റെ കണ്ടെത്തല്‍ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം. പക്ഷേ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. റഷ്യന്‍ നിര്‍മിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകര്‍ത്തതെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡ് 2015ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല.
യുക്രെയ്ന്‍ വിമതരുടെ അധീനതയിലുള്ള പെര്‍വോമയസ്‌ക് എന്ന ഗ്രാമത്തില്‍ നിന്നാണു മിസൈല്‍ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘം കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടത്. യുക്രെയ്ന്‍ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.