പാര്‍ലമെന്റ് അതിക്രമ കേസ്: പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ദില്ലി: പാര്‍ലമെന്റ് അതിക്രമ കേസില്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. രാജസ്ഥാനില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ കത്തിച്ചു കളഞ്ഞതായി സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ലളിത് ഝാ പൊലീസിന് മൊഴി നല്‍കിയിരുന്നു. സാങ്കേതിക തെളിവ് ശേഖരണത്തില്‍ ഇത് പൊലീസിന് വെല്ലുവിളിയാകും.

പാര്‍ലമെന്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കര്‍ത്ത്യവ് പഥ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. ഇതുവരെ കേസില്‍ പിടിയിലായത് ആറ് പേരാണ്.

അതിനിടെ രണ്ട് പദ്ധതികള്‍ തയ്യാറാക്കിയാണ് പ്രതികള്‍ പാര്‍ലമെന്റില് എത്തിയതെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്ലാന്‍ എ അനുസരിച്ച് സ്വയം തീകൊളുത്താനാണ് ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ ദേഹത്ത് പുരട്ടാനുള്ള ജെല്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പ്ലാന്‍ ബി പ്രകാരം പുക ആക്രമണമാണ് ഇവര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Top