ന്യൂഡൽഹി: യുദ്ധസമാന സാഹചര്യം സൃഷ്ടിച്ച് പ്രതിരോധക്കോട്ട തീർത്തിട്ടും ഡൽഹിയിലെ സമരകേന്ദ്രങ്ങളിലേക്ക് കർഷകപ്രവാഹം തുടരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കും വരെ പിന്നോട്ടില്ലെന്നു കർഷകരും മുട്ടുമടക്കില്ലെന്ന സൂചന നൽകി കേന്ദ്ര സർക്കാരും നിലപാടു കടുപ്പിച്ചതോടെ, രാജ്യതലസ്ഥാനം മുൾമുനയിലായി.
രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ നേതാക്കൾ, പരിസ്ഥിതി പ്രവർത്തകർ, ചലച്ചിത്ര താരങ്ങൾ, ഗായകർ, സാംസ്‌കാരിക പ്രവർത്തകർ, സാമ്പത്തികവിദഗ്‌ധർ, അക്കാദമിക് രംഗത്തുള്ളവർ, അഭിഭാഷകർ തുടങ്ങി നിരവധി പ്രമുഖർ സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാരിനെ നിശിതമായി വിമർശിച്ചു.
ഇതോടെ വിശദീകരണവുമായി വിദേശകാര്യ വകുപ്പ് രംഗത്തെത്തി. തെറ്റായ വസ്‌തുക്കളുടെ അടിസ്ഥാനത്തിലാണ് കർഷകസമരത്തെക്കുറിച്ചുള്ള പ്രമുഖ അന്തർദേശീയ വ്യക്തിത്വങ്ങളുടെ പ്രതികരണങ്ങളെന്നും വിവരങ്ങൾ ശരിയായി മനസ്സിലാക്കാൻ ശ്രമിക്കണമെന്നും വിദേശമന്ത്രാലയം അസാധാരണമായ അടിയന്തര പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.