ആറു ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം പഴയ രൂപത്തിൽ ‘ന്യൂജെൻ’ ആയി മോറിസ് ജെ ടൈപ്പ് വരുന്നു

തകാല സ്മരണകളിൽനിന്ന് ഇറങ്ങിയോടിയെത്തിയതു പോലെയൊരു പുത്തൻ വാഹനം. 1949 ൽ ആദ്യമായിറങ്ങി 1961 ൽ നിർമാണം എന്നേയ്ക്കുമായി അവസാനിപ്പിച്ച മോറിസ് കമേഴ്സ്യൽ ജെ ടൈപ്പ് എന്ന വാന്‍ ആണ് ആറു ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം പഴയ രൂപത്തിൽത്തന്നെ പുനർജനിക്കുന്നത്. ഒരൊറ്റ വ്യത്യാസം മാത്രം, പുതിയ ജെ ടൈപ്പ് ഇലക്ട്രിക്കാണ്, പെട്രോളല്ല…

ലോകപ്രശസ്തമായ മോറിസ് ബ്രാൻഡിന്റെ വാണിജ്യ വിഭാഗമാണ് മോറിസ് കമേഴ്സ്യൽ. ജെ ടൈപ്പ് മോറിസ് എക്കാലത്തും നിർമിച്ചിട്ടുള്ള വാഹനങ്ങളിൽനിന്നും വ്യത്യസ്തവും ജനപ്രിയവുമായിരുന്നു. പിക്കപ്പായും ടിപ്പർ ട്രക്കായും ഐസ്ക്രീം ട്രക്കായും പാലു വണ്ടിയായുമൊക്കെ മനസ്സിൽപതിഞ്ഞ രൂപം. പഴയ കാല ട്രക്കുകളെല്ലാം പോലെ തന്നെ വ്യത്യസ്തമായ ‘ആൾരൂപം’. എന്നു വച്ചാൽ കണ്ണും മൂക്കും ചുണ്ടുമൊക്കെയുള്ള മനുഷ്യസമാന മുഖം. അര ടൺ മാത്രം ഭാരം വഹിക്കാൻ ശേഷിയുള്ള ജെ ടൈപ്പ് പുനർജനിക്കുമ്പോഴും പഴയമുഖം നിലനിർത്തുന്നതിനു കാരണം ഒരുപക്ഷേ ഇന്നത്തെ ട്രക്കുകൾക്കില്ലാത്ത ഈ ‘മനുഷ്യ മുഖം’ തന്നെയാകണം.

മോറിസായി ഇറങ്ങി ഓസ്റ്റിനായി മരിച്ച വാഹനമാണ് ജെ ടൈപ്പ്. 1952 ൽ മോറിസും ഓസ്റ്റിനുമൊക്കെ ലയിച്ച് ബ്രിട്ടിഷ് മോട്ടർ കോർപറേഷനായപ്പോഴും പിന്നീട് ഓസ്റ്റിൻ ബ്രാൻഡിൽ ഇറങ്ങിയപ്പോഴും ജെ ടൈപ്പ് രൂപഗുണം കൈവിട്ടില്ല. അതുകൊണ്ടു തന്നെ ഒട്ടനവധി കമ്പനികളുടെ പ്രചാരണ വാഹനമായും കാഡ്ബറി അടക്കമുള്ള കമ്പനികളുടെ സ്റ്റോക് ട്രക്കായും ജെ ടൈപ്പ് തിളങ്ങി. 1957 മുതൽ ഓസ്റ്റിൻ 101 എന്ന പേരിൽ 1961 ൽ അവസാനം ഇറങ്ങുമ്പോഴേക്കും അര ലക്ഷത്തോളം ജെ ടൈപ്പുകൾ ഇറങ്ങി. വലിയ എണ്ണമൊന്നുമല്ല ഇതെങ്കിലും ബ്രിട്ടിഷ് പോസ്റ്റ് വാനുകളടക്കം ‘എണ്ണം പറഞ്ഞ’ ഏതാനും വാഹനങ്ങള്‍ ജെ ടൈപ്പിന്റെ പ്രതാപം നിലനിർത്തി.

നമ്മുടെ നാട്ടിലും പണ്ടുണ്ടായിരുന്ന മോറിസ് മൈനർ കാറിൽ അധിഷ്ഠിതമായാണ് ജെ ടൈപ്പ് ഇറങ്ങിയത്. 1476 സി സി സൈഡ് വാൽവ് ഫോർ സിലിണ്ടർ പെട്രോള്‍ എൻജിനായിരുന്നു ആദ്യം മോഡലുകളിൽ. നമ്മുടെ അംബാസഡറിന്റെ പൂർവികനായ മോറിസ് ഓക്സ്ഫഡ് കാറിൽ ഉണ്ടായിരുന്ന അതേ എൻജിൻ. മൂന്നു സ്പീഡ് ഗിയർ ബോക്സ്, റിയർ വീൽ ഡ്രൈവ്. 1957 ൽ ഓവർഹെഡ് വാൽവ് 1489 സി സി ബി എം സി ബി സീരീസ് എൻജിന്‍ വന്നു. ഇന്ത്യയിലെ അംബാസഡറിലും ബിഎംസി എൻജിനുണ്ടായിരുന്നു.

‘കൂടുതൽ ഇടം, കൂടുതൽ ലാഭം’. ജെ ടൈപ്പിന്റെ പരസ്യവാചകം അക്കാലത്ത് അക്ഷരംപ്രതി ശരി. ഫോർവേഡ് കൺട്രോൾ രൂപകൽപന മൂലം 150 ക്യൂബിക് ഫീറ്റ് സ്ഥലസൗകര്യം ഈ കുഞ്ഞു വാനിനുണ്ടായിരുന്നു. നാലു മീറ്ററിൽ താഴെ മാത്രം നീളവും 1.62 മീറ്റർ വീതിയുമുള്ള വാഹനത്തിൽനിന്നു പ്രതീക്ഷിക്കുന്നതിലധികം. താഴ്ന്ന പ്ലാറ്റ്ഫോമും വിശാലമായി തുറക്കുന്ന പിന്‍ ഡോറുകളും പുറമെ രണ്ടു സ്ലൈഡിങ് സൈഡ് ഡോറുകളും സാധനങ്ങൾ കുറഞ്ഞ സമയം കൊണ്ട് അനായാസം കയറ്റാനും ഇറക്കാനും ഉപകരിച്ചു. ലോകയുദ്ധം കഴിഞ്ഞുള്ള മാന്ദ്യകാലത്ത് ബ്രിട്ടനിലെ ചെറുവ്യവസായങ്ങളുടെ രക്ഷകരിലൊന്നായിരുന്നു ജെ ടൈപ്പ് എന്നു വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. ബ്രിട്ടനു പുറത്ത് യൂറോപ്പിലും ഓസ്ട്രേലിയയിലും ജെ ടൈപ്പ് വിജയകരമായി ഓടി.

2017 ലാണ് ജെ ടൈപ്പിനെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. പഴയ ഗുണങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് പുതിയ നൂറ്റാണ്ടിലേക്ക് പരിഷ്കരിച്ച് ഇറക്കുക. സാങ്കേതികതയിലടക്കം എല്ലാക്കാര്യങ്ങളിലും പുതുമകളുണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. പരമാവധി 500 കി മി വരെ റേഞ്ച് ലഭിക്കുന്ന വാഹനം ഇക്കൊല്ലം ഇറങ്ങും. ഹെഡ് ലാംപിനും ഗ്രില്ലിനും നേരിയ, കാലികമായ ചില മാറ്റങ്ങൾ വന്നതൊഴിച്ചാൽ ജെ ടൈപ്പ് കാഴ്ചയിൽ പഴയ ജെ ടൈപ്പ് തന്നെ.

Top