മലപ്പുറം: രണ്ടാനമ്മയുടെ ക്രൂരപീഡനത്തിനിരയായ ഏഴ് വയസുകാരിയെ പെറ്റമ്മയും കൈയ്യൊഴിഞ്ഞു. കവളമുക്കട്ട പുതുപ്പറമ്പന്‍ മുജീബിന്റെ മകളായ ഇര്‍ഷയെ സംരക്ഷിക്കാനാവില്ലെന്നാണ് മാതാവ് സജ്‌ന പറഞ്ഞത്. ഇതോടെ കുട്ടിയുടെ താല്‍ക്കാലിക സംരക്ഷണം അമരമ്പലം പഞ്ചായത്തിലെ ചെറായിലെ മാതൃസഹോദരി വെള്ളമുണ്ട സാജിതയെ എല്‍പ്പിച്ചു.
പീഡന വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ കുട്ടിയെ മാതാവിന്റെ അടുത്തേല്‍പ്പിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും കുട്ടിയുടെ മാതാവ് അവരെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇര്‍ഷയെ ഉപേക്ഷിച്ചാണ് നാല് വര്‍ഷം മുമ്പ് മാതാവ് സജ്‌ന വേറെ വിവാഹം കഴിച്ചു പോയത്. ഇതോടെ മകളെ ആദ്യ ഭാര്യയുടെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് മുജീബ് ഗള്‍ഫിലേക്കും പോയി. മതാപിതാക്കളുടെ സംരക്ഷണമില്ലാത്ത ഇര്‍ഷ മൂന്നു വയസുമുതല്‍ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചത്.
കമ്പുകൊണ്ട് കുത്തേറ്റ് മലദ്വാരവും മൂത്രനാളവും ഒന്നായ അവസ്ഥയിലാണ് കുഞ്ഞിനെ മാതൃസഹോദരി സാജിത വീട്ടിലേക്കു കൂട്ടികൊണ്ടുവന്നത്. ഇവരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി വയര്‍ തുളച്ച ട്യൂബിലൂടെയാണ് ഇപ്പോള്‍ വിസര്‍ജ്ജനം. സ്വാഭാവിക നിലയിലാകാന്‍ ഇനി രണ്ടു ശസ്ത്രക്രിയകൂടി വേണം.
വടികൊണ്ടടിച്ച് പിഞ്ചു കുഞ്ഞിന്റെ കൈ മൂന്നിടത്ത് ഒടിഞ്ഞിട്ടുണ്ട്. കൈകളിലും തുടയിലും തലയിലും മുറിപ്പാടുകളുമുണ്ട്. ഇത്ര കൊടിയ പീഡനം നടന്നിട്ടും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാവാത്ത മാതാവിനെതിരെ നടപടിയാവശ്യപ്പെട്ട് അമരമ്പലം പഞ്ചായത്തംഗം ടി.പി ഹംസയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ശിശുക്ഷേമ സമിതിക്കു പരാതി നല്‍കി.
കൂട്ടിയെ പീഡിപ്പിച്ച രണ്ടാനമ്മയെപ്പോലെ തെറ്റുകാരിയാണ് കുട്ടിയെ ഉപേക്ഷിച്ചമാതാവുമെന്നാണ് പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്ത് അന്വേഷിക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ശിശുക്ഷേമസമിതി അംഗം നജ്മല്‍ബാബു കൊരമ്പയില്‍ പറഞ്ഞു.