പാലില്‍ വിഷം കലര്‍ത്തി നല്‍കി രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ഒളിവില്‍

ചെന്നൈ: നാടുവിടുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കാനായി തന്റെ രണ്ട് മക്കളെ അമ്മ വിഷം കൊടുത്തുകൊലപ്പെടുത്തി. ചെന്നൈ കുന്ദ്രത്തുരിലാണ് ദാരുണമായ സംഭവം നടന്നത്. കാമുകന് ഒപ്പം പോകാനായിരുന്നു അഭിരാമി എന്ന യുവതി മക്കള്‍ക്ക് പാലില്‍ വിഷം കലര്‍ത്തി നല്‍കിയത്. കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിന് യുവതിയുടെ കാമുകന്‍ സുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

അഭിരാമി ഇപ്പോള്‍ ഒളിവിലാണ്. അഭിരാമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കൃത്യമായി മനസിലാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം കോയംബേദ് ബസ് ടര്‍മിനലിന് സമീപത്ത് നിന്ന് യുവതി ബസില്‍ കയറി പോയി എന്നാണ് സൂചന. പൊലീസ് സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അഭിരാമിയുടെ വീടിനടുത്തുണ്ടായിരുന്ന ഒരു ബിരിയാണി കടയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു സുന്ദരം. ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയും സിറ്റി വിടാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

അഭിരാമിയുടെ ഭര്‍ത്താവ് വിജയ്‌യാണ് പരാതി നല്‍കിയത്. എട്ട് വര്‍ഷം മുമ്പാണ് അഭിരാമി വിജയ്‌യെ വിവാഹം ചെയ്തത്. ഏഴും,അഞ്ചും വയസുള്ള രണ്ട് മക്കളാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച ജോലി കൂടുതല്‍ കാരണം വിജയ് എത്തില്ലെന്ന് അഭിരാമിയെ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് വിജയ് കണ്ടത്. ഉടനെ വിജയ് അഭിരാമിയുടെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വായില്‍ നിന്നും നുരയും പതയും പുറത്ത് വന്ന് നിലയിലാണ് കുട്ടികളെ കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Top