സ്വകാര്യ ബസുകളിലും പരിശോധന ഊർജിതമാക്കി മോട്ടോർ വാഹന വകുപ്പ്

കണ്ണൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും പരിശോധന ആരംഭിച്ച് മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ ദിവസം പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലയിലെ എംവിഡി എൻഫോഴ്‌സ്‌മെന്റ് വിഭാഗം മുഴുവൻ ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തി വരികയാണ്.

സ്പീഡ് കോർണർ അഴിച്ചുമാറ്റുക, എയർ ഹോണുകൾ, ഡ്രൈവറുടെ കാഴ്ച മറക്കുന്ന രീതിയിലുള്ള കൊടിതോരണങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ മുഴുവൻ താലൂക്കുകളിലും ഓരോ സ്ക്വാഡ് വീതമാണ് പരിശോധന നടത്തുന്നത്.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകിയിരുന്നു. റോഡുകളിൽ ബസുകൾ ഉണ്ടാക്കുന്ന അപകടങ്ങൾ വർധിച്ചുവരികയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് സ്വകാര്യ ബസുകളിലടക്കം പരിശോധന കർശനനമാക്കിയിരിക്കുന്നത്.

Top