ന്യൂഡല്‍ഹി: മേജറുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മേജര്‍ നിഖില്‍ ഹന്ദക്ക് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നെന്ന് പൊലീസ്.
ഈ അക്കൗണ്ട് ഉപയോഗിച്ച് ഇയാള്‍ മറ്റ് സ്ത്രീകളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ചിരുന്നു. സമാനരീതിയിലാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയുമായി ഇയാള്‍ അടുപ്പത്തിലായതെന്നും പൊലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി.
നിഖില്‍ ഹന്ദയുടെ മൊബൈല്‍ ഫോണ്‍ പരിശോധച്ചതോടെയാണ് വ്യാജ അക്കൗണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു അക്കൗണ്ടില്‍ സൈനിക ഉദ്യോഗസ്ഥനെന്നും മറ്റൊന്നില്‍ ഡല്‍ഹിയിലുള്ള ബിസിനസുകാരനെന്നും ആണ് ഇയാള്‍ രേഖപ്പെടുത്തിയിരുന്നത്. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് ഡല്‍ഹിയിലുള്ള മറ്റ് മൂന്നു സ്ത്രീകളുമായി നിഖിന്‍ ഹന്ദ ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസ് പറയുന്നു.