രാജ്യവ്യാപകമായി ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

muslim

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. വിഷയത്തില്‍ ബി ജെ പി യും ആര്‍ എസ് എസും രാഷ്ട്രീയം കളിക്കുകയാണെന്നും വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. മതവിദ്യാഭ്യാസത്തിനായി ശരിയ ബോര്‍ഡ് (ദാറുല്‍ ഖാസ) സ്ഥാപിക്കുമെന്നാണ് പറഞ്ഞത് അല്ലാതെ കോടതിയല്ല ബോര്‍ഡ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

രാജ്യത്തെ എല്ലാ ജില്ലകളിലും മുസ്‌ലിം ജനവിഭാഗത്തില്‍ പെട്ടവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ശരിയ കോടതി സ്ഥാപിക്കാന്‍ അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ നേരത്തെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തെറ്റാണെന്നും രാജ്യവ്യാപകമായി ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ബോര്‍ഡ് യോഗത്തിനു ശേഷം ബോര്‍ഡ് അംഗം സഫര്‍ ജിലാനി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ പത്ത് ദാറുല്‍ ഖാസകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ അഞ്ചെണ്ണത്തിന് അംഗീകാരമായി. മറ്റ് അഞ്ചെണ്ണം പരിഗണനയിലാണ്. ഇതിലാദ്യത്തേത് സൂറത്തില്‍ ജൂലൈ 22ന് ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റു ദാറുല്‍ ഖാസകള്‍ സ്ഥാപിക്കപ്പെടുന്നത്‌.

ശരിയ കോടതികള്‍ സ്ഥാപിക്കുമെന്ന വാര്‍ത്തക്ക് എതിരെ ഷിയാ വഖഫ് ബോര്‍ഡില്‍ നിന്ന് ഉള്‍പ്പടെ രാജ്യവ്യാപകമായി കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ബോര്‍ഡിന്റെ അറിയിപ്പ്.

Top