സാങ്കേതിക തകരാർ മൂലം നിർത്തിവെച്ച മഞ്ഞ കാർഡുകളുടെ മസ്റ്ററിങ് ഇന്നും തുടരും

 സാങ്കേതിക തകരാറിനെ തുടര്‍ന്ന് റേഷൻ കാർഡ് മസ്റ്ററിങ്ങിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. മഞ്ഞ കാർഡുകാർക്ക് മസ്റ്ററിങ്ങിനൊപ്പം അരി വാങ്ങാനും റേഷൻ കടകളിൽ സൗകര്യമുണ്ടാകും. അതേസമയം അടിയന്തര ഘട്ടങ്ങളിൽ പിങ്ക് കാർഡുടമകളെയും പരിഗണിക്കണമെന്ന് മന്ത്രി ജി ആർ അനിൽ നിർദേശിച്ചു. പിങ്ക് കാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി നാളെ അറിയിക്കും. ഇന്നും നാളെയും മറ്റു കാർഡുകാർക്ക് അരിവിതരണവും ഉണ്ടാകില്ലയെന്നും മന്ത്രി പറഞ്ഞു.

മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾക്ക് ഇന്നലെ മുതൽ മസ്റ്ററിങ് ഉണ്ടാകുമെന്നായിരുന്നു ആദ്യം നൽകിയ അറിയിപ്പ്. എന്നാല്‍ സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും ഇന്നലെ ഒരാളുടെ മസ്റ്ററിങ് പോലും നടത്താനായില്ല. ഉച്ചയോടെ പ്രശ്നം താത്കാലികമായി പരിഹരിച്ചു.

ഇന്നലെ 1,76,408 പേരുടെ മസ്‌റ്ററിങ് നടത്തിയെന്നാണ് ഭക്ഷവകുപ്പിൻറെ കണക്ക്. മസ്റ്ററിങ് ദിവസം അരി വിതരണം പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നതാണ്. ചില റേഷൻ കട വ്യാപാരികൾ അരി വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മന്ത്രി ജിആർ അനിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്നും നാളെയും മഞ്ഞ കാർഡിന് മാത്രമാണ് മസ്റ്ററിങ് നടത്തുക. പിങ്ക്‌ കാർഡ്‌ ഉടമകളുടെ മസ്റ്ററിങ് തീയതി പിന്നീട് അറിയിക്കും. മാർച്ച് 31നകം മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന് നിർബന്ധം ഇല്ലെന്നും മന്ത്രി പറഞ്ഞു.

Top