കാസര്‍കോട്: പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസിന് കാസര്‍കോട് തുടക്കമായി. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിലാണ് ജനസദസിന്റെ ഉദ്ഘാടനം. നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.
ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് ‘നവകേരള സദസ്’. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം.
ഒരു ദിവസം ശരാശരി നാല് മണ്ഡലങ്ങളിലെങ്കിലും ജനകീയ സദസ്സുകള്‍ പൂര്‍ത്തിയാക്കും വിധമാണ് നവകേരള ജനസദസിന്റെ സമയക്രമീകരണം. ഓരോ ജനസദസ്സിനും ചുരുങ്ങിയത് 5000 പേരെങ്കിലുമുണ്ടാകണമെന്നാണ് സംഘാടക സമിതിക്കുള്ള നിര്‍ദ്ദേശം. മന്ത്രിസഭക്ക് മുന്നിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഭാവി വികസനത്തിന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനുമാണ് പരിപാടിയുടെ ലക്ഷ്യം.