ദോഹ: ആദ്യാവസാനം പൊരുതിയ യുഎസ്എയെ മറികടന്ന് ലോകകപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി നെതര്‍ലാന്‍ഡ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഡച്ച് പടയുടെ വിജയം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്.
ലോക ഫുട്ബോളിലെ വമ്പന്മാരായ നെതര്‍ലാന്‍ഡ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ തുടങ്ങിയത്. എന്നാൽ തുടക്കത്തിലുള്ള യുഎസ്എയുടെ ആക്രമണങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് മറുപടി നല്‍കിയത് ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ച് കൊണ്ടാണ്. 10-ാം മിനിറ്റില്‍ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവില്‍ വലതു വിംഗില്‍ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്റെ ക്രോസ് ബോക്സിന് നടുവിലേക്ക് എത്തുമ്പോള്‍ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം അനായാസം പന്ത് ഗോള്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു. ഒരു ഗോള്‍ വഴങ്ങിയെങ്കിലും സര്‍വ്വം മറന്നുള്ള ആക്രമണത്തിലേക്കൊന്നും യുഎസ്എ കടന്നില്ല. അവസാന നിമിഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം യുഎസ്എ പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. കളിയുടെ ഒഴുക്കിന് വിപരീതമായി ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ കൂടെ നെതര്‍ലാന്‍ഡ് സ്വന്തമാക്കി. ഒന്നാം ഗോളിന് സമാനമായി വലതു ഭാഗത്ത് നിന്ന് വന്ന ഡംഫ്രിസിന്റെ ക്രോസില്‍ ബ്ലിന്‍ഡ് ആണ് ഗോള്‍ നേട്ടം ആഘോഷിച്ചത്.
ഒന്നാം പകുതിയിലേക്കാള്‍ ആവേശത്തിലാണ് രണ്ടാം പാതി ആരംഭിച്ചത്. ഇരുവശത്ത് നിന്നും ഗോള്‍ കീപ്പര്‍മാര്‍ക്ക് കടുത്ത പരീക്ഷണങ്ങള്‍ നല്കുന്ന നീക്കങ്ങളുണ്ടായി. നൊപ്പാര്‍ട്ടിന് യുഎസ്എ താരങ്ങള്‍ വീണ്ടും തീരാ തലവേദനകള്‍ സൃഷ്ടിച്ച് കൊണ്ടേയിരുന്നു. ടീമിന് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുമ്പോള്‍ ഡച്ച് പടയുടെ ആക്രമണങ്ങളെ നേരിട്ട് എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തിയത് ടര്‍ണറുടെ ഗോള്‍ കീപ്പിംഗ് മികവ് തന്നെയായിരുന്നു. 72-ാം മിനിറ്റില്‍ കൂപ്പ്മെയ്നേഴ്സിന്റെ ഷോട്ട് തടുത്തിട്ട് ടര്‍ണര്‍ റീബൗണ്ടില്‍ ഡീപെയുടെ ഹെഡ്ഡറും സേവ് ചെയ്തു. എന്നാൽ 76-ാം മിനിറ്റില്‍ യുഎസ്എ ആദ്യ ഗോൾ നേടി. പുലിസിച്ചിന്റെ വലത് വിംഗില്‍ നിന്നുള്ള ലോ ക്രോസില്‍ ചെറുതായി മാത്രമേ റൈറ്റിന് ടച്ച് ചെയ്യാന്‍ സാധിച്ചുള്ളുവെങ്കിലും നൊപ്പാര്‍ട്ടിനെ കീഴടക്കാന്‍ അതുമതിയായിരുന്നു. കളിയിലേക്ക് തിരികെയെത്തി എന്ന വിശ്വാസത്തില്‍ യുഎസ്എ പിടിമുറുക്കുമ്പോഴാണ് നെതര്‍ലാന്‍ഡ്സിന്റെ വക അടുത്ത പ്രഹരം ഏല്‍ക്കുന്നത്. ഇടതു വിംഗില്‍ നിന്ന് ബ്ലിന്‍ഡ് നല്കിയ ക്രോസ് ഫാര്‍ പോസ്റ്റില്‍ ആരും മാര്‍ക്ക് ചെയ്യാനില്ലാതെ സ്വതന്ത്രനായി നിന്ന ഡംഫ്രിസിലേക്കാണ് വന്നത്. തന്റെ ഇടം കാല് കൊണ്ട് ടര്‍ണറിന്റെ പ്രതിരോധക്കോട്ടയെ ഡംഫ്രിസ് പൊളിച്ചു. ഒട്ടും പതറാതെ വീണ്ടും യുഎസ്എ ആക്രമിച്ചെങ്കിലും ഒരു ഗോള്‍ നേട്ടത്തിലേക്ക് എത്താന്‍ മാത്രം അവര്‍ക്ക് സാധിച്ചില്ല.