ദോഹ: ഇരു ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെച്ച നിർണായക മത്സരത്തിൽ സെനഗലിനെ അതിജീവിച്ച് നെതർലാൻഡ്സ്. രണ്ട് ഗോളിനാണ് ആഫ്രിക്കൻ കരുത്തിനെ ഡച്ച് പട മറികടന്നത്. ഈ ലോകകപ്പിൽ ഇതുവരെയുള്ളതിൽ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു സെനഗൽ നെതർലാൻഡ്സ് പോര്. കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സെനഗൽ ആയിരുന്നെങ്കിലും സാദിനോ മാനേ എന്ന അവരുടെ ഇതിഹാസത്തിന്റെ അഭാവം കളത്തിൽ പ്രകടമായിരുന്നു. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോൾ വല കുലുക്കിയത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗല്‍ കളത്തില്‍ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങള്‍ വ്യക്തമാക്കി. ഇതോടെ നെതര്‍ലാന്‍ഡ്സും പതിയെ ഉണര്‍ന്ന് കളിച്ചതോടെ ആവേശമുണര്‍ന്നു. മികച്ച ബോള്‍ പൊസിഷന്‍ നെതര്‍ലാന്‍ഡ്സിന് ആയിരുന്നെങ്കിലും അല്‍പ്പം കൂടെ മെച്ചപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത് ആഫ്രിക്കന്‍ പടയായിരുന്നു. ഇരു സംഘങ്ങളും ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം ആദ്യ പകുതിയില്‍ എത്തിയില്ല.
ആദ്യ പകുതി എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് ഇരു ടീമുകളും രണ്ടാം പകുതിയും തുടങ്ങിയത്. ഡച്ച് നിരയേക്കാൾ ആക്രമണത്തിന്റെ മൂർച്ച കൂടുതൽ പുറത്തെടുത്തത് ആഫ്രിക്കൻ ശക്തികൾ തന്നെയായിരുന്നു. ഇസ്‍മാലിയ സാർ ആയിരുന്നു സെനഗലിന്റെ തുറുപ്പ് ചീട്ട്. എന്നാൽ 84-ാം മിനിറ്റിൽ നെതർലാൻഡ്സ് ആദ്യമായി വല കുലുക്കി. ഡി ജോങ്ങ് ഉയർത്തിയ നൽകിയ പന്ത് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയപ്പോൾ എഡ്വാർഡോ മെൻഡി ചാടിയെത്തി കുത്തിയകറ്റാൻ നോക്കിയെങ്കിലും കോടി ഗ്യാപ്കോയുടെ ഹെഡർ വലയിലെത്തുന്നതിനെ തടയാൻ ആ ശ്രമത്തിനായില്ല. സമനില ഗോളിനായി സെനഗൽ ആവും വിധം ശ്രമിച്ചു. ഒടുവിൽ പകരക്കാരനായി വന്ന ക്ലാസനിലൂടെ നെതർലാൻഡ്സ് അവരുടെ രണ്ടാം ഗോൾ സ്വന്തമാക്കി. ഡീപെയുടെ ഷോട്ട് മെൻഡി തടുത്തെങ്കിലും കാലിലേക്ക് വന്ന പന്ത് അനായാസം ക്ലാസൻ വലയിലാക്കി.