അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയെ കൂടി അണിനിരത്തി മഹാസഖ്യം രൂപീകരിക്കാനാണ് അഖിലേഷിന്റെ പദ്ധതിയെന്നാണ് സമാജ് വാദി പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പുറത്തു വരുന്ന വിവരം
ഇനിയും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും പരസ്പര ശത്രുതയോടെ തന്നെ മുന്നോട്ട് പോയാല്‍ രണ്ട് പാര്‍ട്ടികള്‍ക്കും നിലനില്‍പ്പുണ്ടാകില്ലന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടി കാണിക്കുന്നത്.
ബി എസ് പി നേതൃത്വവും ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു കഴിഞ്ഞു. പത്ത് വര്‍ഷം അധികാരത്തില്‍ നിന്ന് പുറത്തു നില്‍ക്കേണ്ടി വരുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് മായാവതി.
അഖിലേഷ് യാദവ് ചെറുപ്പമായതിനാല്‍ സംസ്ഥാനത്ത് ഓടി നടക്കാന്‍ ഒരു പ്രയാസവുമില്ലന്നത് സമാജ് വാദി പാര്‍ട്ടിയെ സംബന്ധിച്ച് തിരിച്ചു വരവിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ പോലും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതാണ് സമാജ് വാദി, കോണ്‍ഗ്രസ് ബി എസ് പി പാര്‍ട്ടികളെ ഞെട്ടിച്ചു കളഞ്ഞത്.
ഫലപ്രദമായി ഹിന്ദു ധ്രുവീകരണം ഉണ്ടാക്കുമ്പോള്‍ തന്നെ മതേതര ചേരിയില്‍ വിള്ളലുണ്ടാക്കാനും ബി ജെ പി നടത്തിയ നീക്കങ്ങളാണ് വന്‍പതനത്തില്‍ ഈ പാര്‍ട്ടികളെ കൊണ്ടെത്തിച്ചത്. ന്യൂനപക്ഷ ദളിത് വോട്ടുകള്‍ ഭിന്നിച്ചതാണ് ബി ജെ പി നേതൃത്വം പോലും കരുതാതിരുന്ന നാലില്‍ മൂന്ന് ഭൂരിപക്ഷം അവര്‍ക്ക് ലഭിക്കാന്‍ കാരണമായിരുന്നത്.
ഇനി ലോക് സഭാ തിരഞ്ഞെടുപ്പിലും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒരുമിച്ചു നിന്നില്ലങ്കില്‍ 2014 ന്റെ തനിയാവര്‍ത്തനം തന്നെയായിരിക്കും 2019 ലും ഉണ്ടാകുക.
രാജ്യത്ത് ഏറ്റവും അധികം എംപിമാരെ സംഭാവന ചെയ്യുന്ന യുപിയില്‍ കഴിഞ്ഞ തവണ 80ല്‍ 71 സീറ്റും നേടാനായതാണ് മോദിയെ അധികാരത്തിലെത്തിക്കാന്‍ ബിജെപിക്ക് സഹായകരമായിരുന്നത്.
രണ്ടാം ഊഴത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ് മോദിക്കും ബിജെപിക്കും യു പിയിലെ ഇപ്പോഴത്തെ മിന്നുന്ന വിജയം.
ജനഹൃദയങ്ങള്‍ കീഴടക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പു തന്നെയാണ്.
ഇപ്പോഴത്തെ തോല്‍വി സമാജ് വാദി പാര്‍ട്ടിയെയും ബിഎസ്പിയെയും ഇരുത്തി ചിന്തിപ്പിക്കുമെന്നതിനാല്‍ ബീഹാര്‍ മോഡല്‍ ഒരു മഹാസഖ്യം സമാജ് വാദി പാര്‍ട്ടിയെയും ബിഎസ്പിയെയുമെല്ലാം ഉള്‍ക്കൊള്ളിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി. വോട്ടിംങ്ങ് ശതമാനത്തില്‍ ഈ മൂന്ന് പാര്‍ട്ടികളെയും കൂട്ടി താരതമ്യപ്പെടുത്തുമ്പോള്‍ ബി ജെ പി വളരെ പിറകിലാണെന്നതും കോണ്‍ഗ്രസ്സിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
യുപിയിലെ തിരിച്ചടിക്ക് ഒരു പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ ഭിന്നതയും പുറത്താക്കല്‍ നടപടികളുമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അഖിലേഷ് യാദവും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
ബി ജെ പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ സംഘടനാ സംവിധാനത്തിലെ ‘പാളിച്ച ‘മൂലം കഴിഞ്ഞില്ലന്ന അഭിപ്രായം മുതിര്‍ന്ന സമാജ് വാദി നേതാക്കള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു.
യാദവ കുലത്തിന്റെ അടിവേരിളക്കിയത് അമര്‍ സിങ്ങിന്റെ ഇടപെടലുകളായിരുന്നുവെന്ന ആക്ഷേപമാണിപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്.
പതിനഞ്ചു വര്‍ഷത്തോളം ഡല്‍ഹിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ മുഖമായിരുന്ന അമര്‍ സിങ്ങിനെ ജയപ്രദയ്‌ക്കൊപ്പം 2010ലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നത്. എന്നാല്‍ ആറു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ അമര്‍സിങ്ങിനു മുലായം വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുകയായിരുന്നു.
ഇതോടെയാണ് വീണ്ടും പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അമര്‍സിങ്ങിനെ വീണ്ടും രാജ്യസഭാ അംഗമാക്കാനുള്ള മുലായത്തിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ കലാപ കൊടിയും ഉയര്‍ന്നു.
അമര്‍ സിങ്ങിന്റെ രാഷ്ട്രീയ ‘കളികളോട് ‘ താല്‍പര്യമില്ലാതിരുന്ന അഖിലേഷ് യാദവ് അമര്‍സിങ്ങിനെ പുറത്താക്കിയത് പിതാവായ മുലായം സിങ്ങുമായുള്ള രൂക്ഷമായ തര്‍ക്കത്തിലാണ് കലാശിച്ചിരുന്നത്. ഈ പൊട്ടിത്തെറിയാണ് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്ക് അവമതിപ്പ് സൃഷ്ടിക്കാന്‍ കാരണമായതെന്നാണ് അഖിലേഷ് യാദവിന്റെ അടുത്ത അനുയായികള്‍ ചൂണ്ടി കാണിക്കുന്നത്.
അമര്‍സിങ്ങിനെ പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനായി ബിജെപി നേതാക്കള്‍ അയച്ചതാണെന്ന ആരോപണവും സമാജ് വാദി പാര്‍ട്ടിക്കകത്ത് സജീവമാണ്.
ഇപ്പോഴത്തെ തിരിച്ചടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കുന്നതിനായി എന്തു വിട്ടുവീഴ്ച്ചക്കും തയ്യാറാണെന്ന നിലപാടിലാണ് അഖിലേഷ് യാദവ്.
പാര്‍ട്ടി സംഘടനാ സംവിധാനം ഉടച്ചുവാര്‍ത്ത് പ്രവര്‍ത്തനം ശക്തമാക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തി സംസ്ഥാന വ്യാപകമായി വീണ്ടും പര്യടനം തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി.
അതേസമയം പഞ്ചാബില്‍ ഭരണം പിടിക്കാനും മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാനും കഴിഞ്ഞതിനാല്‍ യുപിയിലെയും ഉത്തരാഖണ്ഡിലേയും പരാജയത്തെ വലിയ ‘സംഭവമാക്കി ‘ കാണേണ്ടതില്ലന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം.
യുപിയില്‍ സമാജ് വാദി പാര്‍ട്ടിയിലുണ്ടായിരുന്ന പൊട്ടിത്തെറിയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതുമാണ് പരാജയത്തിന് കാരണമായതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. ഉത്തരാഖണ്ഡില്‍ ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.
രാജ്യത്തെ ജനങ്ങള്‍ ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസ്സിനെ തന്നെയാണ് പ്രതീക്ഷയോടെ നോക്കുന്നത് എന്നതിന്റെ സൂചനയാണ് പഞ്ചാബിലെ തകര്‍പ്പന്‍ വിജയവും മണിപ്പൂരിലെയും ഗോവയിലെയും മുന്നേറ്റവുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.
കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച എന്ന ബി ജെ പിയുടെ സ്വപ്നത്തിലേക്കുള്ള ദൂരം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ മതേതര സഖ്യം ദേശീയതലത്തില്‍ തന്നെ രൂപീകരിച്ച് ബി ജെ പിക്ക് ബദല്‍ കൊണ്ടുവരാനുള്ള സാധ്യതയാണ് ഇനി കോണ്‍ഗ്രസ്സ് തേടുകയെന്നാണ് ഹൈക്കമാന്റ് വ്യത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.