മദ്യം വാങ്ങാന്‍ പുതിയ മാര്‍ഗനിര്‍ദേശം; ഇന്നു മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മദ്യവില്‍പ്പന ശാലകള്‍ക്കും ബാധകമാക്കാനുള്ള ബെവ്‌കോ തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ രേഖയോ കയ്യില്‍ കരുതണമെന്നാണ് ബെവ്‌കോയുടെ പുതിയ നിര്‍ദേശം.

ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ ബെവ്‌കോ നിര്‍ദ്ദേശം നല്‍കി. കടകള്‍ തുറക്കാനുള മാര്‍ഗനിര്‍ദ്ദേശം മദ്യവില്‍പ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്‌കോ യുടെ നടപടി. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കും.

സംസ്ഥാനത്ത് കൊവിഡ് സാഹചര്യം വര്‍ധിക്കുന്നതിനിടയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈക്കോടതി ഇന്നും രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കടകളില്‍ സാധനം വാങ്ങാന്‍ പോകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയ നടപടി എന്ത് കൊണ്ട് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബാധകമാക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. കോടതി വിമര്‍ശനത്തിന് പിന്നാലെ മദ്യം വാങ്ങുന്നവര്‍ക്കും കോവിഡ് നെഗറ്റീവ് റിസള്‍ട്ടോ ഒരു ഡോസ് വാക്‌സീനോ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഈ നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഹര്‍ജി പരിഗണിക്കുക.

 

Top