കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് സമാപനം. സദസ്സിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തുറ കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനമാണ് വേദി. കുന്നത്തുനാട് മണ്ഡലത്തിലേത് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് മൈതാനത്തും വൈകിട്ട് നാലിന് നടക്കും. നവകേരള സദസ്സിന്റെ ഭാഗമായി ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയന്റെ നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നടത്തുമെന്ന് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് വെല്ലുവിളിച്ചിട്ടുണ്ട്.
136 മണ്ഡലങ്ങളിലും നടന്നതുപോലുള്ള സ്ഥിരം ശൈലിയാണ്് ഈ മണ്ഡലങ്ങളിലും സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒന്നിച്ച് നവകേരള ബസിലാണ് സദസ്സുകളിലേക്ക് എത്തുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് നാല് മണ്ഡലത്തിലെ സദസ്സ് മാറ്റിവച്ചത്. കഴിഞ്ഞമാസം ഏഴുമുതല്‍ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം.
അതേ സമയം ജില്ലയിലെ നവകേരളസദസ്സ് പൂര്‍ത്തിയായ 10 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 40,077 നിവേദനങ്ങളാണ് വിവിധ വകുപ്പുകള്‍ക്ക് ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണം, റവന്യുവകുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങളാണ് കൂടുതല്‍. കഴിഞ്ഞമാസം ഏഴ് മുതല്‍ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം. എറണാകുളം ജില്ലിയിലെ നവകേരള സദസ് നടക്കേണ്ട നാല് മണ്ഡലങ്ങളില്‍ മൂന്നിനെയും യുഡിഎഫ് എംഎല്‍എമാരാണ് പ്രതിനിധീകരിക്കുന്നത്. നവകേരള സദസ്സില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിനിടെ ഇന്നലെ പാലാരിവട്ടത്ത് നവകേരള ബസ്സിനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി വീശീയത്. അഞ്ച് യൂത്ത് കോണ്‍ഗ്രസസ് പ്രവര്‍ത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മറ്റിയാണ് കരിങ്കൊടി വീശീയത്. മുളന്തുരുത്തിയിലും കരിങ്കൊടി വീശി. 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു.