ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍; നവകേരള സദസ്സിന് നാളെ തുടക്കം

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള ജനസദസ്സിന് നാളെ തുടക്കം. ഇനി ഒരുമാസം സംസ്ഥാനത്തുടനീളം പര്യടനം നടത്തി പരാതികള്‍ കേള്‍ക്കുകയാണ് സര്‍ക്കാര്‍. പ്രതിസന്ധികാലത്തെ ധൂര്‍ത്തടക്കമുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം നവകേരള സദസില്‍ മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തില്‍ നിന്ന് മന്ത്രിമാര്‍ക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും സദസില്‍ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.

നവകേരള സദസിന്റെ ഒരുക്കങ്ങള്‍ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തില്‍ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്നുമാണ് വിലയിരുത്തല്‍. പരിപാടിക്കെത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊളളാനാകുന്ന തരത്തിലുളള ക്രമീകരണം വേണമെന്ന് നിര്‍ദ്ദേശം നല്‍കി. ജില്ലകളുടെ ചുമതലയുളള മന്ത്രിമാര്‍ അതാത് ജില്ലകളിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കും.

Top