തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ നിയമോപദേശം നല്‍കാന്‍ കഴിയാത്ത അഡ്വക്കേറ്റ് ജനറലും ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
പുതിയ നിയമോപദേശം തേടിയ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറലും ഡിജിപിയും നല്‍കിയ നിയമോപദേശം തെറ്റായിരുന്നോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സര്‍ക്കാരിന് ആദ്യം ലഭിച്ച നിയമോപദേശത്തില്‍ എന്ത് അപാകതയാണ് ഉണ്ടായതെന്നും, ഇക്കാര്യം ജനങ്ങളോടു തുറന്നുപറയണമെന്നും, പ്രധാനപ്പെട്ട ഈ കേസില്‍ കൃത്യമായ നിയമോപദേശമല്ല നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുന്ന എജിയും ഡിജിപിയും ആ സ്ഥാനത്തിരിക്കരുതെന്നും, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു പത്ത് ദിവസമായിട്ടും ആരംഭിക്കാത്തതും ഇതു സംബന്ധിച്ച് ഉത്തരവിറങ്ങാത്തതും കോണ്‍ഗ്രസ് നേതാക്കളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണോയെന്നു സംശയമുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
മാത്രമല്ല, അന്വേഷണം പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും, കോണ്‍ഗ്രസുമായും ഉമ്മന്‍ചാണ്ടിയുമായും ബന്ധമുള്ളയാളോടാണു സര്‍ക്കാര്‍ പുതിയ നിയമോപദേശം തേടുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.