പുതിയ മദ്യനയത്തിൽ ഷാപ്പുകൾക്ക്‌ സ്റ്റാർ പദവിയെന്ന വാർത്ത വാസ്തവ വിരുദ്ധം

തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയമദ്യനയത്തിൽ ഷാപ്പുകൾക്ക്‌ സ്‌റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത്‌‌ തെറ്റായ വാർത്തയാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷിന്റെ ഓഫീസ്‌ വ്യക്തമാക്കി. ഷാപ്പുകളെ ഹോട്ടലുകളിലെ പോലെ തരംതിരിക്കാനോ, സ്‌റ്റാർ പദവി നൽകാനോ തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ വാർത്താസമ്മേളനത്തിന്‌ ശേഷവും പലരും ഈ രീതിയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ഈ അറിയിപ്പെന്നും തെറ്റായ വിവരം തിരുത്താൻ അഭ്യർത്ഥിക്കുന്നെന്നും അധികൃതർ ആവശ്യപ്പെട്ടു.

കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരിൽ കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

Top