വാഹനവിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ജീപ് മോഡല്‍ കോംപസ്.
വിപണിയിൽ ജീപ്പ് കോംപസിന്റെ കുതിപ്പ് അവിശ്വസനീയമാണ്.
കുറഞ്ഞ വിലയും ഐതിഹാസിക ജീപ്പ് ബ്രാന്‍ഡ് മൂല്യവും ചേര്‍ന്നപ്പോള്‍ ജനപ്രിയ വാഹന നിരയിലേക്ക് കോംപസ് ഇടംപിടിക്കുകയാണ്.
കോംപസിന് പിന്നാലെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5 പുതിയ എസ്.യു.വികള്‍ ഇന്ത്യയിലെത്തിക്കാനാണ് ജീപ്പ് ലക്ഷ്യമിടുന്നത്.
ഏറ്റവും പ്രാധാന്യം നൽകുന്നത് റെനഗേഡ് എന്ന മോഡലിനാണ്.
കോംസിന് സമാനമായി കൊതിപ്പിക്കുന്ന വിലയിലാകും റെനഗേഡും ഇന്ത്യയിലെത്തുകയെന്നാണ് സൂചന.
കോംപാക്ട് എസ്.യു.വികള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യയിലേക്ക് റെനഗേഡ് കൂടി എത്തുന്നതോടെ ജീപ്പിന്റെ സ്വാധീനം പതിന്‍മടങ്ങ് വര്‍ധിക്കും.
റെനഗേഡ് മോഡലിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1. വിലയില്‍ വിപണി പിടിക്കാം – കുറഞ്ഞ വിലയും ഇന്ധനക്ഷമതയും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മുന്നില്‍ കുറഞ്ഞ വില എന്ന മോഹന വാഗ്ദാനം നല്‍കിയാണ് റെനഗേഡിന്റെയും പിറവി. പത്തു ലക്ഷം രൂപയാകും പ്രാരംഭവില എന്നാണ് സൂചന. പ്രാദേശികമായി നിര്‍മിക്കുന്നതാണ് വില ഇത്രയധികം കുറയാന്‍ കാരണം.
2. സെഗ്‌മെന്റിലെ ഉയരക്കാരന്‍ – റെനോ ഡസ്റ്റര്‍, ഹ്യുണ്ടായി ക്രേറ്റ ഇവര്‍ രണ്ടു പേരുമാണ് റെനഗേഡിന്റെ എതിരാളികള്‍. 4.2 മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവും 1.9 മീറ്റര്‍ വീതിയും വാഹനത്തിനുണ്ട്. ഉയരത്തിലും വീതിയിലും എതിരാളികളെക്കാള്‍ മുന്‍പിലാണ് റെനഗേഡ്. 1.6 മീറ്ററാണ് ക്രേറ്റയുടെ ഉയരം ഡസ്റ്ററിന് 1.69 മീറ്ററും. 1.8 മീറ്ററാണ് രണ്ടു മോഡലുകളുടെയും വീതി.
3. ഐക്കണിക് രൂപം – ജീപ്പ് കുടുംബത്തിലെ തലമുതിര്‍ന്ന റാങ്ക്ളറുമായി ചെറുതല്ലാത്ത സാമ്യം റെനഗേഡിനുണ്ട്. സ്‌പോര്‍ട്ടി വാഹനത്തിന് വേണ്ട മെഴ്‌വഴക്കം ബോഡിയില്‍ ആവോളമുണ്ട്. ജീപ്പ് നിരയില്‍ കോംപസിന് തൊട്ടുതാഴെയാണ് സ്ഥാനം. വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ റെനഗേഡ് അവതരിക്കാനാണ് സാധ്യത.
4. കരുത്തുറ്റ എന്‍ജിന്‍ – 2014 മുതല്‍ അമേരിക്കയിലും യൂറോപ്പിലും വിപണിയിലുള്ള റെനഗേഡ് പെട്രോള്‍-ഡീസല്‍ എഞ്ചിനില്‍ നിരവധി എഞ്ചിന്‍ ട്യൂണില്‍ ലഭ്യമാകും. എന്നാല്‍ കോംപാസിലെ അതേ എഞ്ചിനിലാകും ഇവിടെ റെനഗേഡ് അവതരിക്കുക. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എഞ്ചിനും 1.4 ലിറ്റര്‍ ടി-ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിനും വാഹനത്തിന് കരുത്തേകും.
5. ഓപ്ഷണലായി ഫോര്‍ വീല്‍ ഡ്രൈവ് – ഓഫ് റോഡര്‍ എന്ന പേര് നിലനിര്‍ത്താന്‍ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷണലായി ഉള്‍പ്പെടുത്തും. ഉയര്‍ന്ന വകഭേദത്തില്‍ മാത്രമേ ലഭിക്കു എന്നുമാത്രം. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെയാകും ട്രാന്‍സ്മിഷന്‍.