നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തവും പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി പത്തനംതിട്ട മൈലപ്ര സ്വദേശി സനൽ കുമാറിനു പോക്സോ കേസിൽ കോടതി ജീവപര്യന്തം തടവും 1,25,000 രൂപ പിഴയും വിധിച്ചു. 14 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ എറണാകുളം പോക്സോ കോടതിയിലെ ജഡ്ജി കെ.സോമനാണു പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടു ശിക്ഷിച്ചത്.

2013ൽ പെൺകുട്ടിയെ പ്രതി എറണാകുളത്തു നിന്നു തട്ടിക്കൊണ്ടു പോയി പഴനിയിലെ ലോഡ്ജിൽ പൂട്ടിയിട്ടു പല തവണ പീഡിപ്പിച്ചെന്നാണു കേസ്.
പെൺകുട്ടിയെ കാണാതായതിനെത്തുടർന്നു പിതാവ് നൽകിയ പരാതിയിൽ കളമശേരി പൊലീസാണു 4 ദിവസത്തിനു ശേഷം പ്രതിയെ പിടികൂടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മരട് പൊലീസ് റജിസ്റ്റർ ചെയ്ത വിവാഹത്തട്ടിപ്പു കേസിൽ റിമാൻഡിൽ കഴിയുമ്പോഴാണു നടിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ പരിചയപ്പെടുന്നത്. ജയിലിനുള്ളിൽ നിന്നു പൾസർ സുനിക്കു നടൻ ദിലീപിനോടു സംസാരിക്കാൻ സംവിധായകൻ നാദിർഷയുടെ ഫോണിലേക്കു വിളിക്കാൻ സഹായിച്ചതും ഫോൺ ഒളിപ്പിച്ചതും സനൽകുമാറാണെന്നാണു കേസ്. ഇതോടെയാണു നടിയെ പീഡിപ്പിച്ച കേസിൽ സനൽകുമാറിനെ 9–ാം പ്രതിയാക്കിയത്.

Top