കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പന്ത്രണ്ട് വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തില്‍ ഛര്‍ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിള്‍ അയക്കുകയായിരുന്നു. നിലവില്‍ കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.
ചികിത്സയിലുള്ള കുട്ടിയുടെ സ്രവപരിശോധനയ്ക്കുള്ള സാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറി എന്നാണ് സൂചന. കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമുണ്ടോ എന്ന കാര്യങ്ങളൊന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നാളെ കോഴിക്കോട്ട് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.