തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി ഉയരുകയാണ്. പ്രതിദിന കേസുകളും ടി പി ആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്ത് ദിവസത്തിനിടെ ഇരട്ടി വളർച്ചയാണ് കൊവിഡ് കേസുകളിലുണ്ടായത്. 7972 പേരാണ് നിലവിൽ സംസ്ഥാനത്ത് ആക്റ്റീവ് കൊവിഡ് രോഗികൾ. നിലവിൽ കൂടുതൽ കൊവിഡ് കേസുകൾ എറണാകുളത്താണ്. 2862 പേരാണ് എറണാകുളത്ത് കൊവിഡ് രോഗികൾ.
ഇന്നലെ 1544 കേസുകളാണ കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആർ. 4 പേർ കൊവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളർച്ചാ നിരക്ക് 0.02 ശതമാനവുമാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചതുമാകാം കണക്ക് വീണ്ടും ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. മാസ്ക് ധരിക്കുന്നത് കൃത്യമായി തുടരാനും വാക്സീനേഷനിലെ അലംഭാവം ഒഴിവാക്കാനുമാണ് നിർദേശം.