സൗദിയില്‍ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

റിയാദ്: സൗദി അറേബ്യയില്‍ പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കാര്യമായ നിലയില്‍ കുറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യവ്യാപകമായി വെറും 208 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആറ് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

നിലവിലുള്ള രോഗബാധിതരില്‍ 393 പേര്‍ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് 50,374 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,004 ആയി. ഇതില്‍ 5,32,126 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,532 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,346 ആയി കുറഞ്ഞു. ഇതില്‍ 952 പേര്‍ മാത്രമാണ് ആശുപത്രികളില്‍ തീവ്രപരിചരണത്തില്‍ കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 69, മക്ക 36, കിഴക്കന്‍ പ്രവിശ്യ 22, അല്‍ഖസീം 15, ജീസാന്‍ 14, അസീര്‍ 14, മദീന 13, നജ്‌റാന്‍ 10, ഹായില്‍ 5, തബൂക്ക് 5, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ജൗഫ് 2, അല്‍ബാഹ 1. രാജ്യത്താകെ 36,016,783 ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി.

Top