ഗസ്സ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമിച്ചു കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം കാല്‍ലക്ഷത്തിലേക്ക്. ഒക്ടോബര്‍ ഏഴിന് ശേഷം 24,927 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ വകവെക്കാതെ ഇസ്രായേല്‍ ഗസ്സക്ക് മേല്‍ കനത്ത ആക്രമണം തുടരുകയാണ്.റഫാ, ജബലിയ, അല്‍-ബുറൈജ് അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ഇസ്രായേല്‍ സൈന്യം ഇന്നലെയും ആക്രമണം നടത്തി. അവസാന 24 മണിക്കൂറില്‍ മാത്രം 165 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. 62,338 പേര്‍ക്കാണ് ഇതുവരെ ആകെ പരിക്കേറ്റത്.
അതേസമയം, ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികളെ കണ്ടെത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍ ലക്ഷ്യംകണ്ടില്ല. ബന്ദികളെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട് തെക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ലഘുലേഖകള്‍ വിതറി. ബന്ദികളുടെ ചിത്രം സഹിതമാണ് അറിയിപ്പ്. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.