കൊച്ചി: യാത്രികരുടെ എണ്ണം പത്ത് കോടി പിന്നിട്ട അഭിമാന നേട്ടത്തില്‍ കൊച്ചി മെട്രോ. സര്‍വ്വീസ് ആരംഭിച്ച് ആറര വര്‍ഷത്തിനുള്ളിലാണ് കൊച്ചി മെട്രോ ഈ നേട്ടം കരസ്ഥമാക്കിയത്. മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ ഇന്നലെ വരെ യാത്ര ചെയ്തത് 10,33,59,586 യാത്രികരാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായതോടെയാണ് പത്ത് കോടിയെന്ന അഭിമാനകണക്കിലേക്ക് മെട്രോയെത്തിയത്.
ഈ വര്‍ഷം 40 ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്തു. ഒരു ദിവസം ഒക്ടോബര്‍ 21ന് അത് 132,161ലെത്തി. ടിക്കറ്റ് ഇനത്തില്‍ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും ഈ ദിവസമാണ്. പ്രവര്‍ത്തച്ചെലവുകള്‍ വരുമാനത്തില്‍ നിന്ന് തന്നെ നിറവേറ്റാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎംആര്‍എല്ലിന് സാധിച്ചിരുന്നു. സാങ്കേതിക വിദ്യയില്‍ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയാണ് കെഎംആര്‍എല്ലിന് പ്രവര്‍ത്തന ചെലവുകളെ പിടിച്ചുനിര്‍ത്തുവാന്‍ സാധിച്ചത്.
തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്ലിന്റെ പ്രതീക്ഷ. ഡിജിറ്റല്‍ ടിക്കറ്റിംഗിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വണ്‍ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗ് സൌകര്യം നിരവധിയാളുകള്‍ ഉപയോഗിക്കുണ്ട്. വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടന്‍ നിലവില്‍ വരുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.