തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ ഇന്ന് പുറത്തുവിടും. ആരോഗ്യപ്രശ്‌നങ്ങളടക്കം ചൂണ്ടിക്കാട്ടി വാക്‌സിന്‍ എടുക്കാത്തവരുടെ കണക്കുകളാണ് പുറത്തുവിടുക. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള വിവരം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേരുവിവരം വെളിപ്പെടുത്തും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും എണ്ണം മാത്രമാകും പുറത്തുവിടുകയെന്നാണ് ഏറ്റവും പുതിയ വിവരം.
വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് മന്ത്രി നേരത്തേ അറിയിച്ചിരുന്നു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരം വെളിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ ആരാണെന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നും, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, വാക്‌സിന്‍ എടുക്കാത്ത അധ്യാപകരോട് സ്‌കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ഓരോ ആഴ്ചയും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അടുത്ത നടപടി എന്ന നിലയിലാണ് ആരെല്ലാമാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന വിവരം വെളിപ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഒമൈക്രോണിന്റെ കൂടി പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.