ആലപ്പുഴ: എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ ഗ്രീസ് വച്ചൊരു ടെക്‌നിക് ചെയ്തതിന് പിന്നാലെ പിടിയിലായി ഗുഡ്‌സ് ട്രെയിലര്‍. ആലപ്പുഴ കൊമ്മാടി ബൈപ്പാസ് പ്ലാസയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അമ്പലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ട്രെയിലറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
വാഹനത്തിന് പിഴയീടാക്കി. തമിഴ്നാട്ടിലെ ഹൊസൂര്‍ പ്ലാന്റില്‍നിന്നു വാഹനങ്ങള്‍ കയറ്റിവന്നതാണ് ട്രെയിലര്‍ ലോറി. പിറകിലെയും വശങ്ങളിലെയും നമ്പര്‍ പ്ലേറ്റുകള്‍ ഗ്രീസ് പുരട്ടി മറച്ച നിലയിലായിരുന്നു. സ്റ്റോപ്പ് സിഗ്‌നല്‍ നല്‍കിയിട്ടും നിര്‍ത്താതെ വാഹനം തെക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ എംവിഡി കളര്‍കോട്ട് വച്ചാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്.
നമ്പര്‍പ്ലേറ്റില്‍ വായിക്കാന്‍ പറ്റാത്ത തരത്തില്‍ തേച്ച കറുത്ത ഗ്രീസ് നീക്കിച്ച ശേഷമാണ് 6,000 രൂപ പിഴയീടാക്കിയത്. എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍നിന്ന് ഒഴിവാകുന്നതിനും ലെയ്ന്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നതിനും പല വാഹനങ്ങളിലും ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ റോണി ജോസ് വര്‍ഗീസ്, എ. നജീബ് എന്നിവര്‍ പറഞ്ഞു.