കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ കന്യാസ്ത്രീ നല്‍കിയ പരാതി പുറത്ത്. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീ അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.
ബിഷപ്പ് മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും രണ്ട് തവണ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു. അതേസമയം, പേടിച്ചിട്ടാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബിഷപ്പിന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് പുറപ്പെടും. ഉജ്ജെയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തശേഷം നാളെ ഡല്‍ഹിയില്‍ മടങ്ങിയെത്തി വത്തിക്കാന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.
മുന്‍കൂട്ടി അനുമതി വാങ്ങാതെ വത്തിക്കാന്‍ എംബസിയില്‍നിന്ന് തെളിവെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ കൂടുതല്‍ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ജലന്ധറിലെത്താനെടുക്കുന്ന കാലതാമസം പരാതിക്കാരിയായ കന്യാസ്ത്രിയുടെ ബന്ധുക്കളില്‍ നിന്നടക്കം വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ജലന്ധറിലെത്തുന്ന സാഹചര്യത്തില്‍ പഞ്ചാബ് പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് പൊലീസിന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സൂചന.