ഐസിസി പുരുഷ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി

ദുബായ്: ഒക്ടോബര്‍ 17 ന് യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഐ.സി.സി പുറത്തിറക്കി. ലൈവ് ദി ഗെയിം എന്ന് തുടങ്ങുന്ന ഗാനം നിര്‍മ്മിച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ അമിത് ത്രിവേദിയാണ്. ഗാനത്തിനൊപ്പം വിരാട് കോലി, കീറോണ്‍ പൊള്ളാര്‍ഡ്, മാക്സ്വെല്‍, റാഷിദ് ഖാന്‍ എന്നിവരുടെ ആനിമേഷന്‍ വീഡിയോയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

3 ഡി, 2 ഡി ഇഫക്റ്റുകള്‍ ചേര്‍ത്താണ് ഗാനത്തിനൊപ്പമുള്ള വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡിസൈനര്‍മാരും, ആനിമേറ്റര്‍മാരും ഉള്‍പ്പെടെ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന ടീമാണ് ഗാനമൊരുക്കിയത്. ഒക്ടോബര്‍ 17ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടി20 ലോകകപ്പിന് തുടക്കമാകുന്നത്. സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 ന് ആരംഭിക്കും. നവംബര്‍ 14 നാണ് ഫൈനല്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലാണ് ഏറ്റുമുട്ടല്‍.

ആറ് രാജ്യങ്ങള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാറൗണ്ട് കളിച്ചെത്തുന്ന രണ്ട് ടീമുകള്‍ കൂടിയുണ്ടാവും.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഈ ഗ്രൂപ്പില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരെക്കൂടാതെ യോഗ്യതാറൗണ്ടില്‍ നിന്നുള്ള രണ്ട് ടീമുകള്‍ കൂടി അണിനിരക്കും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക.

നവംബര്‍ 10നാണ് ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍. ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും ബിയിലെ ഒന്നാംസ്ഥാനക്കാരും മത്സരിക്കുന്ന രണ്ടാം സെമി ഫൈനല്‍ നവംബര്‍ 11 ന് നടക്കും. രണ്ട് സെമി ഫൈനലുകള്‍ക്കും ഓരോ റിസര്‍വ് ദിനവുമുണ്ടാവും.

 

Top