വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരം; ട്രായ് നിര്‍ദേശം ഉടന്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അവസരമൊരുക്കാന്‍ പദ്ധതി. ഇന്ത്യന്‍ ആകാശപരിധിയില്‍ ഇന്‍ഫ്‌ലൈറ്റ് കണക്ടിവിറ്റി സംവിധാനം നടപ്പിലാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു.

ഇതേകുറിച്ചുള്ള പരിശോധനയിലാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ വ്യക്തമാക്കി.

ഐ എഫ് സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രായ് ഐ എഫ് സി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതോടെ സ്വകാര്യ വിമാനസര്‍വീസുകള്‍ക്ക് വേണ്ട രീതിയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കും.

അതോടെ യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാവുകയും ചെയ്യും. ഐ എഫ് സി സംവിധാനം നടപ്പാക്കണമെന്ന ശുപാര്‍ശ രണ്ടുവര്‍ഷം മുമ്പേ തന്നെ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു.

എന്നാല്‍ ഏത് രീതിയില്‍ നടപ്പാക്കണമെന്ന സംശയത്തെ തുടര്‍ന്ന് പദ്ധതി സ്തംഭനാവസ്ഥയിലായിരുന്നു.

Top