കണ്ണൂർ വി.സി നിയമനം ; സുപ്രീകോടതി വിധി പ്രതിപക്ഷ നിലപാടിനെ സാധൂകരിക്കുന്നതെന്ന് വി.ഡി സതീശൻ

ഡല്‍ഹി: ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി പുനര്‍നിയമിച്ചത് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തി, പ്രായപരിധി കഴിഞ്ഞ ഒരു വ്യക്തിയെ പുനര്‍നിയമിച്ചു.

സുപ്രീം കോടതി അത് റദ്ദാക്കിയിരിക്കുകയാണ്. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശത്തിന്മേല്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റി ആക്ടും യുജിസി മാനദണ്ഡങ്ങളും പ്രോ ചാന്‍സിലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ലംഘിച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നായിരുന്നു പ്രതിപക്ഷം മുമ്പ് പറഞ്ഞത്. അത് തന്നെയാണ് ഇപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല, ആളുകളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍ തര്‍ക്കവുമായി വരുന്നു. അല്ലാത്ത സമയങ്ങളില്‍ പരസ്പരം മധുര പലഹാരങ്ങള്‍ കൊടുത്തുവിടുകയും മന്ത്രിമാര്‍ ഘോഷയാത്രയായി ഗവര്‍ണറെ കാണാന്‍ വരികയും ഒക്കെ ചെയ്യുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

Top