പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ ഇന്‍ഡ്യ മുന്നണി നേതാക്കള്‍ യോഗം ചേരും. ഇരുസഭകളും നടപടികള്‍ നിര്‍ത്തിവെച്ച് സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാതെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. പ്രതിഷേധക്കാര്‍ക്ക് പാസ് നല്‍കിയ ബിജെപി എംപി പ്രതാപ് സിംഹയെ പുറത്തക്കണമെന്നാണ് പ്രതിപക്ഷ നിലപാട്.

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ബിജെപി എംപി പ്രതാപ് സിംഹയെ ഇന്ന് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്‌തേക്കും. നിലവില്‍ പ്രതാപ് സിംഹ ഡല്‍ഹിയിലില്ല. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ എന്നിവര്‍ക്ക് പാസ് നല്‍കിയ സാഹചര്യം അടക്കം ചോദിച്ചറിഞ്ഞേക്കും. നിലവില്‍ കസ്റ്റഡിയിലുള്ള ആറ് പ്രതികളുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 14 എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 13 എംപിമാര്‍ക്ക് എതിരായ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. അതേസമയം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അതിനാല്‍ വിഷയത്തില്‍ ഇന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കാനിടയില്ല.

 

Top