തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞത് ഐസക്കിന്റെ കോഴിക്ക് മാത്രമെന്ന് പ്രതിപക്ഷത്തിന്റെ പരിഹാസ്യം.
മാത്രമല്ല, കേരളത്തില്‍ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയെന്നും. വിലകൂടുതല്‍ ഇല്ലെന്ന് പറഞ്ഞ് ഭക്ഷ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അവകാശപ്പെട്ടതിനു പിന്നാലെയാണ് പരിഹാസം കലര്‍ന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്.
എന്നാല്‍, വിലക്കയറ്റമില്ലാത്ത ഓണമായിരിക്കും ഇത്തവണയെന്നും, കൃഷി വകുപ്പിന്റെ പ്രത്യേക വിപണികളും ഓണത്തിനുണ്ടാകുമെന്നും, രണ്ടായിരം പച്ചക്കറി ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചുവെന്നും, ആന്ധ്രയില്‍ നിന്ന് അരി നേരിട്ട് എത്തിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
വിലക്കയറ്റം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.വി.ഇബ്രാഹിം എംഎല്‍എ നല്‍കിയ നോട്ടീസിന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.